VISION AND MISSION
പെരുമണ്ണ ഗ്രാമപഞ്ചായത്ത്
വികസന കാഴ്ചപ്പാട് (2025 - 2030)
നഗരത്തിന്റെ സൗകര്യങ്ങളും ഗ്രാമത്തിന്റെ വിശുദ്ധിയും കൊണ്ട് അനുഗ്രഹീതമായ വലിയ സാധ്യതകളുള്ള മണ്ണാണ് പെരുമണ്ണ. 2000-ൽ നിലവിൽ വന്ന നമ്മുടെ ഗ്രാമപഞ്ചായത്തിനെ പുരോഗതിയിലേക്ക് നയിക്കാൻ മുൻ ഭരണസമിതികൾ നടപ്പിലാക്കിയ പ്രവർത്തനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. ഭരണഘടന അനുവദിച്ച അവകാശങ്ങളും കേരള പഞ്ചായത്ത് രാജ് നിയമം നൽകിയ അധികാരങ്ങളും ഉൾക്കൊണ്ട് ജനക്ഷേമം ലക്ഷ്യമാക്കിയുള്ള സമഗ്ര വികസനമാണ് നിലവിലെ ഭരണസമിതി വിഭാവനം ചെയ്യുന്നത്.
വിവിധ മേഖലകളിലെ വികസന ലക്ഷ്യങ്ങൾ
🌾 1. കാർഷിക & ക്ഷീര മേഖല
പ്രതിസന്ധിയിലായ കാർഷിക-ക്ഷീര മേഖലകളെ ശക്തമായ പ്രോത്സാഹന പദ്ധതികളിലൂടെ തിരികെ കൊണ്ടുവരാനും കർഷകരെ പിന്തുണയ്ക്കാനും ഭരണസമിതി പ്രതിജ്ഞാബദ്ധമാണ്.
♻️ 2. മാലിന്യ സംസ്കരണം
അജൈവ മാലിന്യ ശേഖരണ സംവിധാനങ്ങൾ ഊർജിതമാക്കുന്നതിനൊപ്പം ജൈവ മാലിന്യങ്ങളുടെ ഉറവിട സംസ്കരണ സംവിധാനങ്ങളും ശക്തമാക്കും. MCF-ന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭ്യമാക്കാൻ മുൻഗണന നൽകും.
🛣️ 3. റോഡുകളും നടപ്പാതകളും
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കോൺക്രീറ്റ് റോഡ് നിർമ്മാണം വ്യാപിപ്പിക്കും. ജലജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തും. വിവിധ വികസന ഫണ്ടുകൾ സമഗ്രമായി ഏകോപിപ്പിച്ചു റോഡ് ശൃംഖല പുനരുദ്ധരിക്കും.
💡 4. തെരുവ് വിളക്കുകൾ
പഞ്ചായത്തിലെ മുഴുവൻ തെരുവ് വിളക്കുകളും പ്രകാശിപ്പിക്കും. 'നിലാവ്' പദ്ധതിയിലെ തരാറിലായ ലൈറ്റുകൾ KSEB വഴി മാറ്റിസ്ഥാപിക്കും. എ.എം.സി (AMC) വ്യവസ്ഥയിൽ ഹൈമാസ്റ്റ്/ലോമാസ്റ്റ് ലൈറ്റുകൾ പരിപാലിക്കും.
🏠 5. ഭവന പദ്ധതി
പഞ്ചായത്തിലെ മുഴുവൻ ഭവനരഹിതർക്കും വീട് ഉറപ്പാക്കുകയാണ് ലക്ഷ്യം. ലൈഫ് (LIFE), PMAY പദ്ധതികൾ വഴി അർഹരായ എല്ലാ കുടുംബങ്ങൾക്കും വേഗത്തിൽ വീടുകൾ ലഭ്യമാക്കും.
🤝 6. പട്ടികജാതി / പട്ടികവർഗ്ഗ ക്ഷേമം
വിദ്യാഭ്യാസ പുരോഗതിക്കായി പഠനമുറി, സ്കോളർഷിപ്പ്, പെൺകുട്ടികൾക്ക് വിവാഹ ധനസഹായം, ഭവന നവീകരണം, വയോജനങ്ങൾക്ക് കട്ടിൽ വിതരണം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും.
📚 7. വിദ്യാഭ്യാസ മേഖല
പയ്യടിമീത്തൽ ഗവ. LP സ്കൂളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. 'പെരുമണ്ണയിൽ നിന്നും സിവിൽ സർവീസിലേക്ക്' പദ്ധതിയും ഭാഷാനൈപുണ്യത്തിനായി 'നോളജ് ലാബ്' പദ്ധതിയും ആരംഭിക്കും.
🏥 8. ആരോഗ്യ മേഖല
FHC, ആയുർവേദ, ഹോമിയോ, മൃഗാശുപത്രികളിൽ മരുന്നും മികച്ച സേവനവും ഉറപ്പാക്കും. പാലിയേറ്റീവ് സംരക്ഷണം ഊർജിതമാക്കും. ഡയാലിസിസ് രോഗികൾക്ക് മരുന്നും ഭക്ഷണക്കിറ്റും നൽകുന്ന 'കൈത്താങ്' പദ്ധതി നടപ്പാക്കും.
♿ 9. ഭിന്നശേഷി ക്ഷേമം
ബഡ്സ് സ്കൂൾ നവീകരണത്തിനും വികസനത്തിനും മുൻഗണന. ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലനം, തെറാപ്പി സംവിധാനങ്ങൾ, സ്കോളർഷിപ്പ്, കലാകായിക പരിപാടികൾ, ഉല്ലാസയാത്രകൾ എന്നിവ സംഘടിപ്പിക്കും.
👴 10. വയോജന മേഖല
സാമൂഹ്യക്ഷേമ പെൻഷനുകൾ സമയബന്ധിതമായി വിതരണം ചെയ്യും. വയോജന സംഗമം, മെഡിക്കൽ ക്യാമ്പുകൾ, പകൽവീട് വിപുലീകരണം, വയോജന പാർക്ക് എന്നിവ ഒരുക്കും.
👩 11. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം
വനിതാ സംരംഭങ്ങൾ, സ്വയംതൊഴിൽ പരിശീലനങ്ങൾ (തയ്യൽ, ബ്യൂട്ടീഷ്യൻ) ആരംഭിക്കും. സ്ത്രീക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ജാഗ്രതാ സമിതികളും വുമൺ ഫെസിലിറ്റേറ്റർ സേവനവും കുടുംബശ്രീ ശക്തിപ്പെടുത്തലും നടപ്പാക്കും.
🚰 12. കുടിവെള്ള പദ്ധതികൾ
ജലജീവൻ മിഷൻ, മറ്റ് 360 കുടിവെള്ള പദ്ധതികൾ എന്നിവ വഴി എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കും. ഉയർന്ന പ്രദേശങ്ങളിൽ ജലലഭ്യത ഉറപ്പാക്കാൻ വാട്ടർ അതോറിറ്റിയുമായി ചേര്ന്ന് പ്രവർത്തിക്കും.
🎨 13. കലാ-സാംസ്കാരിക മേഖല
പാരമ്പര്യ കലാരൂപങ്ങളായ തിറയാട്ടം ഉൾപ്പെടെയുള്ളവ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും പുതിയ തലമുറയിലേക്ക് പകർന്നുനൽകാനും പിന്തുണ നൽകും.
🛶 14. ടൂറിസം സാധ്യതകൾ
ചാലിയാർ - വെള്ളായിക്കോട് ടൂറിസം, മാമ്പുഴ ടൂറിസം പദ്ധതികൾ വികസിപ്പിക്കും. പെരുമണ്ണ, പുത്തൂർമഠം അങ്ങാടികൾ സൗന്ദര്യവത്കരിക്കും. 'പെരുമണ്ണ ഫെസ്റ്റ്', 'ചാലിയാർ മാമ്പുഴ ഫെസ്റ്റ്' എന്നിവ സംഘടിപ്പിക്കും.
🛡️ 15. ലഹരിമുക്ത പെരുമണ്ണ - "തൂഫാൻ 2.0"
പോലീസും എക്സൈസുമായി ചേർന്ന് ജനകീയ ലഹരി നിർമ്മാർജ്ജന പ്രചാരണം. വാർഡ് തലങ്ങളിൽ പ്രത്യേക ഗ്രാമസഭകൾ, ബോധവൽക്കരണങ്ങൾ, സോളാർ സിസിടിവി നിരീക്ഷണ ക്യാമറകൾ എന്നിവ സ്ഥാപിച്ച് പെരുമണ്ണയെ സമ്പൂർണ്ണ ലഹരിമുക്ത ഗ്രാമമാക്കും.